ഒറ്റപ്പാലം: നഗരത്തിൽ മഴക്കാലപൂർവ ശുചീകരണ പ്രവൃത്തികൾ നടന്നില്ല. ചിലയിടങ്ങളിൽ മാത്രമാണ് മഴക്കാലത്തിനുമുമ്പ് നഗരത്തിൽ അഴുക്കുചാലുകൾ വൃത്തിയാക്കിയിട്ടുള്ളത്. പലയിടങ്ങളിലും അഴുക്കുചാലുകൾ സ്ലാബിടാതെ തുറന്നാണ് കിടക്കുന്നത്.
ഇതിൽ പ്ലാസ്റ്റിക് മാലിന്യങ്ങളും ഉപയോഗരഹിതമായ മാലിന്യങ്ങളും കുമിഞ്ഞുകൂടി കിടക്കുകയാണ്. കണ്ണിയംപുറത്ത് അഴുക്കുചാൽ അടഞ്ഞു മലിനജലം റോഡിലൂടെ ഒഴുകുന്ന സ്ഥിതിയുമുണ്ട്. ഒറ്റപ്പാലം നഗരത്തിൽ സ്ലാബുകൾ മൂടാതെ കിടക്കുന്ന അഴുക്കുചാലുകൾ നിരവധിയാണ്. ഇവയിൽനിന്നും അസഹ്യമായ ദുർഗന്ധമാണ് പുറത്തേക്കുവരുന്നത്. ഓടകൾ ശുചീകരിക്കുന്ന കാര്യത്തിൽ ഗുരുതരമായ അനാസ്ഥയാണ് നഗരസഭയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടുള്ളത്.